Thursday, September 19, 2013

ഗുജറാത്തിലെ അനിയത്തിക്ക്





എന്റെ അനിയത്തീ....,

നിനക്ക് സുഖമോ എന്ന് ചോദിക്കാൻ കഴിയില്ലല്ലോ.. ഫാസിസ്റ്റ് മതഭ്രാന്തന്മാരുടെ പൈശാചിക കരങ്ങളാൽ വലിച്ചു കീറപ്പെട്ട എന്റെ കുട്ടിക്ക് എന്ത് സുഖമുണ്ടാകാനാണു..?

സാന്ത്വനിപ്പിക്കാൻ വാക്കുകളില്ല എനിക്ക്. മാപ്പു ചോദിക്കാൻ അർഹതയുമില്ല. എങ്കിലും നീ ഞങ്ങൾക്ക് മാപ്പു തരിക.. കാതടച്ചാലും തുളച്ചു കയറുന്ന നിന്റെ ദീനരോദനവും എത്ര തുടച്ചാലും നിലക്കാത്ത നിന്റെ കണ്ണീരും കാണാതെ പോകാൻ കഴിയുന്നില്ല. പക്ഷെ എല്ലാം മറക്കാൻ ഞങ്ങളെ ചിലർ നിർബന്ധിക്കുകയാണിവിടെ... അല്ലെങ്കിലും ജനാധിപത്യത്തിന്റെ മറവികളാനല്ലോ ഫാസിസത്തിനനുഗ്രഹം... മലയാളത്തിന്റെ തെളിനീരും വയലുകളും ആഗോള ഭീമന്മാർക്ക് പണയപ്പെടുത്തി അവരുടെ കാലിൽ കിടന്നിഴയുന്നതിനിടയിൽ നിനക്ക് സംഭവിച്ച ദുരിതത്തിനു നേരെ ഞാൻ കണ്ണടച്ചു. അല്ലെങ്കിൽ നിസ്സഹായയായി നോക്കി നിന്നു. മാപ്പ് ചോദിക്കാൻ എന്തർഹതയാണുള്ളത്??...

വാർത്തകൾ എനിക്കു കിട്ടുന്നുണ്ട്.. ഞാൻ ഒറ്റക്കിരുന്ന് നിന്നെയോർത്ത് കണ്ണീർ വാർക്കും...പ്രാർത്ഥിക്കും... മർദ്ദിതരുടെ പ്രാർത്ഥനക്കും സർവ്വശക്തനും ഇടയിൽ മറയില്ല എന്നാണല്ലോ മോളേ... നരോദാപാട്യയിൽ കീറി മുറിക്കപ്പെട്ട നിന്റെയും, പ്രസവിക്കുന്നതിനു മുൻപുതന്നെ തന്റെ പിഞ്ചോമന എരിതീയിൽ കിടന്ന് പിടയുന്നത് കാണേണ്ടി വന്ന നിന്റെ  ചേച്ചിയുടെയും വേദനയിലേക്കൊന്ന് കണ്ണയക്കുമ്പോൾ, ആ വേദന കണ്ട് ഹൃദയം തളർന്നു പോകുമ്പോലൾ, ആരും കാണാതെ കണ്ണുകളിൽ നീർ പൊടിയുമ്പോൾ; അധികാരത്തിന്റെ ലഹരിയിൽ മതിമറന്നവർ ഞങ്ങളെ തീവ്രവാദികളെന്ന് മുദ്ര കുത്തുന്നു... ആരാണു തീവ്രവാദി? എന്താണു ഭീകരത? ഇതൊന്നും ആർക്കുമറിയാത്തതല്ല. എല്ലാവരും സാക്ഷികളായതല്ലെ... തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിനു എല്ലാവരും സഹായിച്ചതല്ലേ മതഭ്രാന്തന്മാരെ? എന്നിട്ടും അജ്ഞത നടിച്ച് അധികാരത്തിലേറ്റിയവരെ വിഢ്ഢികളാക്കുന്നു. എങ്കിലും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്;"നിരപരാദികളെ ചവിട്ടിയരച്ച, അതിനവരെ സഹായിച്ച ഒരുത്തനും കാലം മാപ്പ് കൊടുക്കില്ല. ഒരാളെയും സർവ്വശക്തൻ വെരുതെ വിടില്ല. ഭരണകൂട ഭീകരതക്കു മുൻപിൽ യാചിച്ച് കരഞ്ഞ നിന്റെ സഹോദരന്റെ കണ്ണുനീർ അവനെങ്കിലും കാണാതിരിക്കില്ല. നിശ്ചയം അന്തിമവിധി അവനിൽ നിന്ന് തന്നെയായിരിക്കും.

നീ കേൾക്കുന്നുണ്ടോ മോളേ...

എന്റെ കരുത്തില്ലാത്ത, മുറിഞ്ഞ വാക്കുകൾ നിനക്ക് അൽപമെങ്കിലും ആശ്വാസമാകുന്നുണ്ടോ? നീ രാത്രികളിൽ ഉറക്കം ഞെട്ടി കരയുന്നത് എനിക്കു കാണാം. നിന്നെ ആശ്വസിപ്പിച്ചുറക്കാനാരുമില്ല. അവരൊക്കെ കൂട്ടക്കുഴിമാടങ്ങളിൽ നിതാന്തനിദ്രയിലാണ്. നിന്റെ ഏകാന്തത എത്ര ഭയാനകമാണ്. എനിക്ക് നിന്നെ വന്നു കാണണമെന്നും നിന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമെന്നും ആഗ്രഹമുണ്ട്. ഒരു നാൾ തീർച്ചയായും ഞാൻ വരും. നിന്നെ എന്റെ നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരാൻ.

സിംഹത്തിനും മുയലിനുമിടക്ക് നിഷ്പക്ഷതയെന്ന ശണ്ഡത്വം സ്വീകരിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെ നീ കാണുന്നില്ലെ..? സമൂഹത്തിന്റെ ദൈഷണിക സമസ്യകളെ ഓർത്ത് മഴ പോലെ കണ്ണീർ വാർക്കുന്ന എഴുത്തുകാരിൽ പലരും നിന്റെ വേദന കാണാതെ പോയി. വെള്ളിത്തിരയിൽ അനീതികൾക്ക്  എതിരെ കൊടുങ്കാറ്റുപോലെ വീശിയടിക്കാറുള്ള സൂപ്പർസ്റ്റാറുകൾ പോലും നിനക്ക് നേരെ കണ്ണടച്ചു. പക്ഷെ ഒരു മനുഷ്യനായി ഈ നരകത്തിലേക്ക് ജനിച്ച് വീണെങ്കിൽ എത്ര നാൾ നിശബ്ദരായിരിക്കും?

നീ കേട്ടുവോ.. ഗുജറാത്തിൽ നിന്റെ വംശത്തെ ഉന്മൂലനം ചെയ്യാൻ വ്യവസ്ഥാപിതമായി സംഘടിച്ചവർ  സാംസ്കാരിക സംഘടനയാണെന്ന് ഇവിടെ ചിലർ പറയുന്നു. നിരപരാധികളെ ചുട്ടുകൊല്ലുന്നതും ഗർഭിണികളുടെ വയറ്റിലെക്ക് ത്രിശൂലം കുത്തിയിറക്കുന്നതും സാംസ്കാരിക പ്രവർത്തനമാണെന്ന് വിളിച്ചോതുന്നവർ ഓരോരുത്തരും ലോകത്തിനു മുൻപിൽ വിചാരണ ചെയ്യപ്പെടെണം. അർഹിക്കുന്നതിൽ ഏറ്റവും കഠിനമായ ശിക്ഷ തന്നെ അവർ ഏറ്റുവാങ്ങണം. ഗുജറാത്ത് നിന്റെ നാടിന്റെ പേരല്ലെന്നും അത് ഫാസിസത്തിന്റെ വിജയഭൂമിയാണെന്നും ഞാൻ അറിയുന്നു. നിരപരാധികളുടെ കുടല്മാലയും തലയോട്ടികളും കഴുത്തിലണിഞ്ഞ് നമുക്കു നേരെ ചീറിയടുക്കുന്ന മതഭ്രാന്തന്മാരെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാൻ, സമാധാനത്തിലധിഷ്ഠിതമായ ഒരു രാജ്യത്തെ സ്വപ്നം കണ്ടുകൊണ്ട് സ്നേഹത്തിൽ ശുദ്ധീകരിച്ച മനസ്സോടെയും തിരിച്ചറിവിന്റെ കരുത്തോടെയും  നമുക്കുയിർത്തെഴുനെൽക്കാം...

പ്രാർത്ഥനയോടെയും സ്നേഹത്തോടെയും,

നിന്റെ സ്വന്തം.....

No comments:

Post a Comment

A Writer's Journey from Cubicle to Liberation

  In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...